ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും.ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ആണ് നടക്കുക. സ്ഥാനാർഥി പട്ടിക ഒരുമിച്ച് ഒരു ദിവസം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾ തമ്മിൽ ആശയവിനിമയം നടക്കുന്നതായാണ് വിവരം.15 സീറ്റിലേക്കുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ബുധനാഴ്ച (28.02.2024) ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഉണ്ടായേക്കും. നിലവിൽ സിപിഎമ്മിലെ തീരുമാനം അനുസരിച്ച് ആറ്റിങ്ങലിൽ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ട തോമസ് ഐസക്, ആലപ്പുഴ എ എം ആരിഫ്, എറണാകുളം കെ ജെ ഷൈൻ, ചാലക്കുടി സി രവീന്ദ്രനാഥ്, ആലത്തൂര്‍ കെ രാധാകൃഷ്ണൻ, മലപ്പുറം വി വസീഫ്, പൊന്നാനി കെ എസ് ഹംസ, കോഴിക്കോട് എളമരം കരീം, വടകര കെ കെ ശൈലജ, പാലക്കാട് എ വിജയരാഘവൻ, കണ്ണൂർ എം വി ജയരാജൻ, കാസർകോട് എം വി ബാലകൃഷ്ണൻ എന്നിവരാണ് മത്സരിക്കുന്നത്.ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സിപിഎമ്മിനു പിന്നാലെ സിപിഐയും അവരുടെ നാല് ലോക്സഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ജനകീയ മുഖവുമായ പന്ന്യന്‍ രവീന്ദ്രന് സമ്മതമറിയിച്ചു. പാര്‍ട്ടിയുടെ മറ്റൊരു സീറ്റായ മാവേലിക്കരയില്‍ സിപിഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും കൃഷിമന്ത്രി പി പ്രസാദിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ സി എ അരുണ്‍ കുമാറും, തൃശൂരില്‍ മുന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും, വയനാട്ടിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയും മത്സരിക്കും. ഇന്ന് ചേര്‍ന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ലോക്സഭ തെരഞ്ഞെടുപ്പ് ; സിപിഎമ്മും സിപിഐയും നേതൃയോഗം ഇന്നും നാളെയും

