എറണാകുളം പൊന്നുരുന്നിയില്‍ റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് വെച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം. പുലര്‍ച്ചെ രണ്ടരയോടെ കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാൽ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. ലോക്കല്‍ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. ലഹരി ഉപയോഗിക്കുന്ന ഒരുസംഘം ഇവിടെ രാത്രിയില്‍ സ്ഥിരമായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.