കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ എല്ലാം സാധ്യമാവുമെന്ന പരമാര്‍ത്ഥം അടിവരയിട്ട് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് കന്നൂട്ടിപ്പാറയിലെ ഒരുപറ്റം വിദ്യാഭ്യാസ പ്രവര്‍ത്തകര്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവുമൂലം വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമായിരുന്നു കന്നൂട്ടിപ്പാറ്. ഒരു വിദ്യാഭ്യാസ സ്ഥാപനമില്ല എന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനും നാട്ടില്‍ അറിവിന്റെ വെള്ളിവെളിച്ചം വിതറുന്നതിനായി ഒരു സ്ഥാപനം കൊണ്ട് വരുന്നതിനുമായി ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനും, സാമൂഹിക, രാഷ്ട്രീയ മേഖലയിലും തന്റേതായ സാന്നിധ്യം അടയാളപ്പെടുത്തിയ എ.കെ. അബൂബക്കര്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു പറ്റമാളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കന്നൂട്ടിപ്പാറയില്‍ ഐ.യു.എം എല്‍ .പി(ഇഹ് യാഹുല്‍ഉലൂം മദ്‌റസ എല്‍.പി.)സ്‌കൂള്‍ എന്ന സ്ഥാപനം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അബൂബക്കര്‍ കുട്ടിയും സഹപ്രവര്‍ത്തകരും മറ്റൊരിടത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന ഈ സ്‌കൂളിനെ കന്നൂട്ടിപാറയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. സാങ്കേതികതയുടെ നൂലാമാലകള്‍ പറഞ്ഞുകൊണ്ട് ഒരു നാടിന്റെ വിദ്യാഭ്യാസത്തിനായുള്ള മുറവിളി കേട്ടില്ലെന്നു നടിക്കുന്ന കുറ്റകരമായ സമീപനമാണ് അധികാരികളില്‍ നിന്നും ഉണ്ടായത്. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാരാട്ട് റസാഖ് എംഎല്‍എ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും സ്‌കൂള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനം നടത്തുകയുമായിരുന്നു.

നാടിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും കാരാട്ട് റസാഖ് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ നന്ദി അറിയിച്ചു.
”ഒരു ജന പ്രതിനിധി എന്ന നിലയില്‍ എന്റെ പ്രവര്‍ത്തന ഫലമായി ഒരു നാടിന്റെ ദീര്‍ഘകാലത്തെ ആഗ്രഹം സഫലമായതിലും അതിനു വേണ്ടിയുള്ള എന്റെ പ്രവര്‍ത്തന ദൗത്യം വിജയിച്ചതിലും ഞാന്‍ ഏറെ ആഹ്ലാദവാനും സന്തുഷ്ടനുമാണ്. ഈ ഘട്ടത്തില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എ.കെ അബൂബക്കര്‍ കുട്ടിയുള്‍പ്പെടെയുള്ള നാട്ടുകാര്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി , ജനപ്രതിനിധികള്‍, അതിലെല്ലാം ഉപരി സംസ്ഥാന സര്‍ക്കാറിനെയും, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥന്മാരേയു ഈ അവസരത്തില്‍ അഭിനന്ദിക്കുകയാണ്. വികസന കാര്യങ്ങളില്‍ ഒരുമിച്ച് നിന്നാല്‍ നേട്ടം കൊയ്യാനാവുമെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ഐ. യു.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. ഈ സ്‌കൂളിന്റെ പുരോഗതിക്കും ഉയര്‍ച്ചക്കുമായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു”.

