തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് യുവജന
സംഘടനകളുടെ പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും , ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പൊലീസുമായുള്ള ഉന്തും തള്ളിലും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന് പരുക്കേറ്റു.
കരുണയില്ലാത്ത ജീവനക്കാർ കാരണം ഒരു സാധാരണക്കാരന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. സമാധാനപരമായാണ് പ്രതിഷേധിച്ചത്. പൊലീസ് കയ്യൂക്കുകൊണ്ട് പ്രതിരോധിക്കുകയാണ്. പൊലീസ് ക്രൂരമായി മർദിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ പറഞ്ഞു. ബിസ്മീറിന് ആശുപത്രി പ്രാഥമിക ചികിത്സ നൽകിയല്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ബിസ്മീറിന്റെ കുടുംബം. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലും കുടുംബം ആശുപത്രിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
അതേസമയം കൃത്യമായ ചികിത്സ നൽകിയെന്നും വീഴ്ച ഉണ്ടായിട്ടില്ല എന്നുമാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു. കൊല്ലങ്കോണം സ്വദേശി ബിസ്മീർ ആണ് മരിച്ചത്. കഴിഞ്ഞ തിങ്കഴാഴ്ച രാത്രിയാണ് ശ്വാസ തടസത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഭാര്യ ജാസ്മിനാണ് ബിസ്മിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. നിരവധി തവണ വിളിച്ചതിനും കോളിംഗ് ബെൽ അടിച്ചതിനും ശേഷമാണ് ഡോക്ടർ പുറത്തേക്ക് വന്നതെന്നാണ് പരാതിയിൽ പറയുന്നത്. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നാണ് ബിസ്മിന്റെ ഭാര്യ ജാസ്മിന്റെ പരാതി. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്.
ആശുപത്രിയിൽ നേരിട്ടെത്തിയാണ് അന്വേഷണം നടത്തേണ്ടത് അടിയന്തരമായി റിപ്പോർട്ട് നൽകാനും ആവശ്യം. പ്രാഥമിക ചികിത്സ പോലും ഏറെ വൈകിയാണ് ഉണ്ടായതെന്ന് ബിസ്മീറിന്റെ ഭാര്യ ജാസമിൻ പറഞ്ഞു. അവശനായ ബിസ്മീർ ആശുപത്രി വരാന്തയിൽ മിനിറ്റുകളോളം കാത്തിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയതിനെ തുടർന്ന് പത്ത് മിനിട്ടിൽ അധികമാണ് ആശുപത്രി വരാന്തയിൽ ബിസ്മീറിനും ഭാര്യക്കും കാത്തുനിൽക്കേണ്ടി വന്നത്. നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതർ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു.
ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഹോദരനും പറയുന്നു. ഈമാസം 19ന് പുലർച്ചയാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. ശേഷം ഓക്സിജൻ, സി പി ആർ നെബുലൈസേഷൻ എന്നിവ നൽകാൻ തയ്യാറായില്ലെന്നാണ് കുടുംബം ഇപ്പോഴും ആവർത്തിക്കുന്നത്. നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

