ന്യൂഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്രപ്രമേയമാക്കി ഉരുവിന്റെ മാതൃകയിലാണ് ടാബ്ലോ തയാറാക്കി ഇരിക്കുന്നത്. ബേപ്പൂർ റാണി എന്ന പേരിലാണ് ടാബ്ലോ ഘോഷയാത്രയിൽ എത്തുക. ദേവഘട്ടിലെ ബാബധാം ക്ഷേത്ര മാതൃകയ്ക്ക് മുന്നിൽ ബിർസ മുണ്ടയുടെ പ്രതിമയാണ് ഝാർഖണ്ഡ് അവതരിപ്പിക്കുക. ‘പൈക’ എന്ന പരമ്പരാഗത നൃത്തവും ആദിവാസി കലാരൂപമായ സൊഹ്റായിയും ഇതിന്റെ അകമ്പടിയാകും. ഭഗവാൻ കൃഷ്ണന്റെ ഗീതാദർശനവും വിശ്വരൂപവുമാണ് ഹരിയാനയുടെ ടാബ്ലോ. ശക്തിപീഠങ്ങളും ശ്രീശക്തിയും എന്ന ആശയത്തോടെയാണ് മഹാരാഷ്ട്ര സർക്കാർ ചിത്രരഥം അവതരിപ്പിക്കുക.
സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമായി യുനെസ്കോയുടെ സാസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കൊൽക്കത്തയിലെ ദുർഗാ പൂജയാണ് ബംഗാളിന്റെ ടാബ്ലോയാവുക. മുഗളാധിപത്യത്തിനെതിരെ പോരാടിയ അഹോം പടനായകൻ ലചിത് ബർഫുക്കനും കാമാഖ്യ ക്ഷേത്രവുമാണ് ആസാമിന്റെ പെരുമ ഉയർത്തിപ്പിടിക്കുന്നത്. മാനസ്ഖണ്ഡ് എന്ന ആശയവുമായി ജഗദേശ്വര ക്ഷേത്രവും ദേവദാരുമരങ്ങളും പക്ഷി മൃഗാദികളുമൊത്തുചേരുന്ന പ്രകൃതിദൃശ്യമാണ് ഉത്തരാഖണ്ഡിന്റെ ടാബ്ലോയായി എത്തുന്നത്.