ഗുലാം നബി ആസാദിന് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും.കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. രാജ്യം അംഗീകരിച്ച മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദിന്റെ സേവനത്തെ കോണ്‍ഗ്രസിന് വേണ്ടെന്ന് കപിൽ സിബൽ പറഞ്ഞു.രാഷ്ട്രീയമായി മറുവശത്തുള്ള സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരമാണെങ്കിലും അദ്ദേഹത്തെ അഭിനന്ദക്കുന്നെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
നേരത്തെ ഗുലാം നബിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തു വന്നിരുന്നു. സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പുരസ്‌കാരം നിരസിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.
അഞ്ച് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്തെത്തിയ ‘ജി-23’ നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ് കപില്‍ സിബലും ഗുലാം നബി ആസാദും എന്നത് ഈ വിമര്‍ശനത്തിനൊപ്പം ചേര്‍ത്ത് വായിക്കണമെന്നാണ് കപില്‍ സിബലിന്റെ ട്വീറ്റിന് താഴെ വരുന്ന പ്രതികരണങ്ങള്‍.