എം അലി മണിക്ക്ഫാന്‍. സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ലാത്ത വ്യക്തിത്വം. പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല, 15 ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന ഇദ്ദേഹത്തിന് അറിയാത്ത വിഷയങ്ങള്‍ ചുരുക്കമാണ്. ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാള്‍. കൂടാതെ സമുദ്ര ശാസ്ത്രജ്ഞന്‍, ജ്യോതി ശാസ്ത്രജ്ഞന്‍, ഭൂമി ശാസ്ത്രജ്ഞന്‍, സാമൂഹിക ശാസ്ത്രജ്ഞന്‍, സാങ്കേതിക വിദഗ്ധന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, കാര്‍ഷിക വിദഗ്ധന്‍, പ്രകൃതി നിരീക്ഷകന്‍, മുസ്ലിം പണ്ഡിതന്‍, ബഹുഭാഷ പണ്ഡിതന്‍ എന്നിങ്ങനെ നീളുന്നു മണിക്ഫാന്റെ വിശേഷണങ്ങള്‍. മലയാളം, സംസ്‌കൃതം, ഹിന്ദി, തമിഴ്, ലക്ഷദ്വീപിലെ മഹല്‍, അറബി, ഉര്‍ദു, ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, പേര്‍ഷ്യന്‍ തുടങ്ങി 14ല്‍ പരം ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയുന്ന ഏഴാം ക്ലാസുകാരന്‍. മൂന്ന് വര്‍ഷം മാത്രമാണ് ഇദ്ദേഹത്തിന്റെ ഭൗതിക വിദ്യാഭ്യാസം എന്നറിയുമ്പോഴാണ് കൂടുതല്‍ കൗതുകകരമാവുന്നത്.
ജോലി സംബന്ധമായാണ് ലക്ഷദ്വീപ് സ്വദേശിയായ അദ്ദേഹം തമിഴ് നാട്ടിലേക്ക് താമസം മാറിയെത്തിയത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ 1960 മുതല്‍ 80 വരെ. പിന്നീട് അവിടെ നിന്നും ഇറങ്ങി. നിരീക്ഷണപാടവത്തിനുള്ള ബഹുമതിയായിട്ടാണ് അദ്ദേഹം കണ്ടെത്തിയ പുതിയ ഒരിനം മീനിന് അബു ദഫ്ദഫ് മണിക്ക്ഫാനി എന്ന പേര് നല്‍കിയത്.
വിരമിച്ച ശേഷമാണ് തമിഴ്നാട്ടില്‍ വേതാളൈ എന്ന സ്ഥലത്ത് കടല്‍ക്കരയില്‍ മൂന്ന് ഏക്കര്‍ ഭൂമി വാങ്ങി താമസമാക്കിയത്. വൈദ്യുതി കണക്ഷന് അപേക്ഷിച്ച് കാലമേറെ കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി കാറ്റാടിയന്ത്രം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിച്ചു. വീട്ടിലെ ഫ്രിഡ്ജും സ്വന്തം നിര്‍മ്മിതിയാണ്. സ്വന്തം അദ്ധ്വാനംകൊണ്ട് ആ തരിശുനിലം പൊന്നുവിളയുന്ന നിലമാക്കി മാറ്റി.
സ്വന്തം ആവശ്യത്തിനായി മോട്ടോര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍ നിര്‍മ്മിച്ചു. മണിക്കൂറില്‍ 25 കി.മീ. വേഗതയില്‍ പോകുന്ന ആ സൈക്കിളില്‍ തന്റെ മകന്റെ കൂടെ ഡല്‍ഹി വരെ പോയ് വന്നു.ഈ സൈക്കിളിന് അദ്ദേഹത്തിന് പേറ്റന്റുമുണ്ട്.
1200 വര്‍ഷം മുമ്പ് സിന്‍ബാദ് ഉലകം ചുറ്റിയ ‘സിന്‍ബാദ് ദ് സെയിലര്‍’ എന്ന കഥയില്‍നിന്നുള്ള പ്രചോദനത്തില്‍ ഒരു കപ്പലില്‍ ഉലകം ചുറ്റാന്‍ ആഗ്രഹിച്ച ഐറിഷ് സമുദ്രസാഹസിക സഞ്ചാരിയായ ടിം സെവറിന്റെ കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള അന്വേഷണം മണിക്ക്ഫാനിലെത്തി നിന്നു.
ഒരു വര്‍ഷംകൊണ്ട് അദ്ദേഹവും ഗ്രൂപ്പും ചേര്‍ന്ന് സൊഹാര്‍ എന്ന കപ്പല്‍ നിര്‍മ്മിച്ചു. ടിം സെവറിന്‍ 22 യാത്രികരുമായി ഒമാനില്‍ നിന്ന് ചൈന വരെ യാത്രയും നടത്തി. മണിക്ക്ഫാനോടുള്ള ആദരസൂചകമായി
ആ കപ്പല്‍ ഇപ്പോള്‍ മസ്‌ക്കറ്റില്‍ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെട്ടു പോരുന്നു.
പല വിദേശ രാജ്യങ്ങളിലേയും ഭരണാധികാരികളുടെ അതിഥിയായി പല തവണ അദ്ദേഹം എത്തി. ലോകമെങ്ങുമുള്ളവര്‍ക്ക് ഒരുപോലെ പിന്തുടരാവുന്ന ഒരു ഏകീകൃത ചന്ദ്ര മാസ കലണ്ടര്‍ മണിക് ഫാന്‍ രൂപപ്പെടുത്തി. ഇപ്പോള്‍ അതിന്റെ പ്രചരണാര്‍ത്ഥം ലോകമെമ്പാടും സഞ്ചരിക്കുകയാണ്
ഈ മനുഷ്യന്‍.
അദ്ദേഹം സേവനമനുഷ്ടിച്ച ചിലത്:
ലക്ഷദ്വീപ് എന്‍വിയോണ്‍മെന്റ് ട്രസ്റ്റ്, യൂണിയന്‍ ടെറിട്ടറി ബില്‍ഡിംഗ് ഡെവലപ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഉപദേശകസമിതി അംഗം, മറൈന്‍ ബയോളജിക്കല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സമിതി അംഗം, ഹിജറ കമ്മിറ്റി ചെയര്‍മാന്‍തുടങ്ങിയവ.
NIST യില്‍ വളരെ പ്രധാനപ്പെട്ട രണ്ട് അക്കാദമിക്ക് വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ അലി മണിക്ക്ഫാന്‍ ക്ഷണിക്കപ്പെട്ടു.
മക്കാളെയാരെയും നിലവിലെ വിദ്യാഭ്യാസരീതി പിന്തുടര്‍ന്ന് പഠിപ്പിച്ചില്ല; എന്നിട്ടും മകന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി നോക്കുന്നു! പെണ്മക്കള്‍ മൂന്നു പേരും അദ്ധ്യാപികമാര്‍!
ഇന്നും തന്റെ ലക്ഷ്യങ്ങളുമായി ഒറ്റയ്ക്ക് യാത്ര തുടരുകയാണ് അദ്ദേഹം.