കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം തുടരുന്ന വിദ്യാർത്ഥികൾ കാമ്പസ് വിട്ടു. കാമ്പസിൽ തുടർന്നാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് നടപടി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കോളജും ഹോസ്റ്റലും ജനുവരി 8 വരെ അടച്ചിടാൻ കളക്ടർ ഉത്തരവിട്ടിരുന്നു. അതേസമയം ക്യാമ്പസ് തുറന്നാൽ വീണ്ടും സമരം തുടങ്ങാനാണ് വിദ്യാർഥികളുടെ തീരുമാനം.
രണ്ടാഴ്ചയ്ക്കുള്ളിൽ വിഷയം പരിഹരിക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് വിദ്യാർത്ഥികൾ വിശ്വാസത്തിൽ എടുത്തിട്ടില്ല. പുതിയ അന്വേഷണ സമിതിയെ രൂപീകരിച്ച് വിഷയം അട്ടിമറിക്കാനാണ് സർക്കാർ നീക്കം എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഡയറക്ടർ ശങ്കർ മോഹൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട് ഡിസംബർ മുതലാണ് കോളജ് കവാടത്തിൽ വിദ്യാർഥി സമരം തുടങ്ങിയത്.
കോളജിൽ അന്വേഷണ കമ്മീഷൻ വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി എത്തിയത്. ഡയറക്ടർ ശങ്കർ മോഹൻ രാജി സന്നദ്ധത അറിയിച്ചുവെന്ന പ്രചരണവും മന്ത്രി തള്ളിയിരുന്നില്ല.