ദില്ലി: ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്നതിനിടെ ക്രിസ്മസ് ആശംസകൾ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക് പറഞ്ഞത് ഏറെ വിവാദമായിരുന്നു.
മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീർ നായിക്ക് പോസ്റ്റിൽ പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാക്കിർ നായിക്കിൻറെ വിവാദ പ്രസ്താവന. എന്നാൽ ഇതിന് അടിയിൽ വലിയതോതിൽ ക്രിസ്മസ് ആശംസകൾ വന്നതോടെ ഈ പോസ്റ്റ് സക്കീർ നായിക് ഫേസ്ബുക്കിൽ നിന്നും പിൻവലിച്ചു.
‘അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’- സക്കീർ നായിക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ പോസ്റ്റ് അപ്രത്യക്ഷമായി.
പോസ്റ്റിന് താഴെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നത്. സാക്കിർ നായിക്കിൻറെ പോസ്റ്റ് ഷെയർ ചെയ്ത് ക്രിസ്മസ് ആശംസകൾ നേർന്നും കമൻറുകളായി ക്രിസമസ് ആശംസകളർപ്പിച്ചുമാണ് സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റിനെതിരെ പ്രതികരണമുയർന്നത്.
മറ്റ് മതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് കമൻറുകൾ. മലയാളികൾ അടക്കം നിരവധി പേരാണ് സാക്കിർ നായിക്കിൻറെ പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്.

