ശബരിമലയിലെ മൊത്തം നടവരവ് 78.92 കോടി കവിഞ്ഞു.മണ്ഡല പൂജയോട് അനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്ത ഗോപൻ സന്നിധാനം ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ സീസണിൽ ശബരിമലയിൽ വരുമാനം 8.39 കോടി രൂപ മാത്രമായിരുന്നു. ഈ സീസണിൽ ഇതുവരെ 10.35 ലക്ഷം ഭക്തർ ദർശനം നടത്തി.കരിമല വഴിയുള്ള തീർത്ഥാടന പാത മകരവിളക്ക് ഉത്സവത്തിനായി തുറന്നു നൽകും.
പുല്ല് മേട് പാത കൂടി തുറക്കുന്നതിനും നടപടി സ്വീകരിക്കും. കൊവിഡ് ഭീഷണി നിലനിൽക്കുമ്പോഴും മണ്ഡല കാലത്ത് പരാതി രഹിതമായി ആചാരങ്ങൾ പാലിച്ചുള്ള തീർത്ഥാടനം പൂർത്തിയാക്കാൻ സർക്കാരിനും ബോർഡിനും ഇത്തവണ സാധിച്ചതായും പ്രസിഡന്‍റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും .മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര പമ്പയിലെത്തി. മൂന്ന് മണിയോടെ സന്നിധാനത്തേക്ക് തിരിക്കും. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന വൈകീട്ട് 6.30ന് നടക്കും.നാളെയാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ.ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജക്ക് ശേഷമാണ് രഥയാത്ര തുടങ്ങിയത്. പത്തനംതിട്ട ജില്ലയിലെ 72-ഓളം ക്ഷേത്രങ്ങളിലൂടെ കടന്നു പോയാണ് പമ്പയിലെത്തിയിരിക്കുന്നത്. പ്രത്യേക പേടകത്തിൽ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിതകൾ ആചാരപൂർവം വരവേൽക്കും.ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കൽ പമ്പ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ശബരിമല; മൊത്തം നടവരവ് 78.92 കോടി,തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി
