കെ-റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ ആവശ്യപ്പെട്ട് സിപിഐ.ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.എമ്മിനെ ഇക്കാര്യം അറിയിക്കും.പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന കൗണ്‍സിലിൽ ചില പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. സിപിഐഎമ്മിനെ നിലപാടറിയിക്കാനുള്ള തീരുമാനം സിപിഐയിലെ ഉള്‍പാര്‍ട്ടി സമ്മര്‍ദം മൂലമെന്നാണ് സൂചന. രൂപരേഖ പുറത്തുവിടുന്നത് വരെ പദ്ധതിയെ പരസ്യമായി തള്ളേണ്ടെന്നാണ് സിപിഐ തീരുമാനം.
വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ആരോപണമുണ്ടായിരുന്നു. പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു.

