ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും അഞ്ചു ലക്ഷം പിഴയും വിധിച്ചു. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. ദില്ലി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2008 സെപ്റ്റംബര്‍ 30നാണ് സൗമ്യയെ പ്രതികള്‍ വെടിവച്ചുകൊന്നത്. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്കുശേഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹെഡ് ലൈന്‍സ് ടുഡേ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ (25) രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കവര്‍ച്ചക്കെത്തിയ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. 2008 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം. മലപ്പുറം കുറ്റിപ്പുറം പേരശന്നൂര്‍ കിഴിപ്പള്ളി മേലേവീട്ടില്‍ വിശ്വനാഥന്‍-മാധവി ദമ്പതികളുടെ മകളാണ്.