നായ പ്രേമികള്‍ക്കായി സുവര്‍ണാവസരം. റിയാദില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. റിയാദ് സീസണ്‍ ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250ഓളം നായ്ക്കളെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായ്ക്കള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിലാണ് ഡോഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക.മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസണിലെ വൈവിധ്യമാർന്ന പരിപാടികൾ റിയാദിലെ 12 വേദികളിലായാണ് നടക്കുന്നത്. ലോക സെലിബ്രിറ്റികളുടെ സംഗീതകച്ചേരികൾ, തിയേറ്റർ ഷോകൾ, ഒരു ഫുട്ബാൾ മ്യൂസിയം, വൈവിധ്യമാർന്ന അന്താരാഷ്രട വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറൻറുകൾ എന്നിവ റിയാദ് സീസണിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ പ്രധാനപ്പെട്ട പുതിയ വേദികളിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജീകരിച്ചിട്ടുള്ള ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന എന്ന അത്യാധുനിക ഹാളാണ് ഒന്ന്. 40,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇത്. ‘ബിഗ് ടൈം’ എന്ന ശീർഷകത്തിൽ ആരംഭിച്ച ഇത്തവണത്തെ റിയാദ് സീസണില്‍ ആദ്യ രണ്ടാഴ്ച കൊണ്ട് തന്നെ സന്ദര്‍ശകരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു.
ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവൽ:ആഗോള നായപ്രേമികളെ ക്ഷണിച്ച് സൗദി തലസ്ഥാനം
