വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരേണ്ടതില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഹരിയാന സ്വദേശിയായ കര്‍ഷക നേതാവിന്‍റെ മകളുടെ കല്ല്യാണ ക്ഷണക്കത്ത് വൈറലാകുന്നു . വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്ത് നൽകുന്നത് എന്നാണ് വാര്‍ത്ത ഏജന്‍സി യുഎന്‍ഐയുടെ റിപ്പോര്‍ട്ട്.
വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ ബിജെപി, ആർഎസ്എസ്, ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയായായ ജെജെപി.പ്രവർത്തകർ പങ്കെടുക്കരുത് എന്നാണ് കത്തിൽ പറയുന്നത്.
അടുത്തിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്ല് വരുന്ന ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇപ്പോള്‍ വൈറലായ കത്ത് മോദിയുടെ പ്രഖ്യാപനത്തിന് മുന്‍പ് തയ്യാറാക്കിയതാണ്. കാര്‍ഷിക ബില്ലിനെ എതിര്‍ത്ത് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സർക്കാരിനെതിരെ കഴിഞ്ഞ ഒരു വർഷമായി സമരം നടത്തുന്ന സംയുക്ത കര്‍ഷ മുന്നണിയില്‍ അംഗമാണ് ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ്.
എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് ശേഷവും തന്‍റെ മകളുടെ വിവാഹ കത്തില്‍ എഴുതിയതില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജേഷ് ധങ്കാർ പറയുന്നത്. നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അതിന്‍റെ പ്രതിഷേധം നടത്തുമെന്നുമാണ് രാജേഷ് ധങ്കാർ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.