സിഖ് വിഭാഗത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തി ചോദ്യംചെയ്യും. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഡിസംബര്‍ ആറിന് ഹാജരാകാനാണ് കങ്കണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയുടെ പീസ് ആന്റ് ഹാര്‍മണി പാനല്‍ ആണ് ഇക്കാര്യത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നവംബര്‍ 20-ന് അപ്ലോഡ് ചെയ്ത പോസ്റ്റ് അപകീര്‍ത്തികരവും കുറ്റകരവുമാണെന്ന് കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി കങ്കണയ്ക്ക് അയച്ച നോട്ടീസില്‍ സമിതി ചൂണ്ടിക്കാട്ടുന്നു. സിഖുകാരെ ഖലിസ്താനി ഭീകരര്‍ എന്ന് വിശേഷിപ്പിക്കുന്നത് മുഴുവന്‍ സിഖ് സമുദായത്തിന് മുറിവേല്‍പ്പിക്കുന്നതും അപമാനം ഉണ്ടാക്കുന്നതുമാവാം എന്നും നോട്ടീസില്‍ പറയുന്നു.
സിഖ് വിഭാഗക്കാരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി നല്‍കിയ പരാതിയില്‍ കങ്കണയ്ക്കെതിരേ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തെ ഒരു ഖലിസ്താനി ഗൂഢാലോചനയായി ചിത്രീകരിക്കുകയും അവരെ ഖലിസ്താന്‍ ഭീകരര്‍ എന്ന് വിളിക്കുകയും ചെയ്തത് ബോധപൂര്‍വമാണെന്നാണ് പരാതിയില്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കങ്കണ ഇന്‍സ്റ്റാഗ്രാമിലൂടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സിഖുകാരെ ഖലിസ്താനികളെന്ന് വിശേഷിപ്പിച്ച കങ്കണ, ഖലിസ്താനികളെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ ചെരുപ്പുകൊണ്ട് കൊതുകിനെ ഞെരിക്കുന്നത് പോലെയാണ് ഞെരിച്ചതെന്നും പറഞ്ഞിരുന്നു.
‘ഖാലിസ്താനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി
മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖാലിസ്താനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്.’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.