സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കം.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും ഗതാഗത മന്ത്രി ആന്റണി രാജുവും ചർച്ചയിൽ പങ്കെടുക്കും ഡിസംബര്‍ 2 ന് വൈകുന്നേരം 4 മണിക്ക് സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളില്‍ വച്ചായിരിക്കും യോഗം ചേരുക.
വിദ്യാർത്ഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേ സമയം ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍.