ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ആദ്യ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സും നോർത്തീസ്റ്റ് യുണൈറ്റഡും നേർക്ക് നേർ . ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. .
ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് നാലിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ സമാനമായ സ്കോറിൽ ബെംഗളൂരു എഫ്സി നോർത്തീസ്റ്റിനെ കീഴടക്കി.
അവസാന 9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പൊട്ട ബ്ലാസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളിൽ സമനില പാലിച്ചു.
ഈ വർഷാരംഭത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ നേടിയ ജയമാണ് ബ്ലാസ്റ്റേഴ്സിൻ്റെ അവസാന ജയം. ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം വിജയവഴിയിലേക്ക് തിരികെ എത്തുക എന്നത് മാത്രമാണ് . പ്രീസീസൺ പോരാട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ആ ഫോം തുടരാനാവും ലക്ഷ്യമിടുക.
എടികെയ്ക്കെതിരെ ഭേദപ്പെട്ട് കളിച്ചെങ്കിലും പ്രതിരോധവും ഗോളിയും മോശം പ്രകടനം നടത്തിയത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. ആദ്യ മത്സരത്തിൽ പരുക്കേറ്റ രാഹുൽ കെപി ഇന്ന് കളിക്കില്ല. പകരം വിൻസി ബരെറ്റോയോ പ്രശാന്തോ ഫൈനൽ ഇലവനിൽ കളിക്കും.
നോർത്തീസ്റ്റിനെതിരെ അവസാനം കളിച്ച ആറ് മത്സരങ്ങളിൽ രണ്ട് തോൽവിയും നാല് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിനു നേടാനായത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ കണക്കുകളെയൊക്കെ ബ്ലാസ്റ്റേഴ്സിനു മറികടക്കേണ്ടതുണ്ട്. അഡ്രിയാൻ ലൂണ, സഹൽ, രാഹുൽ, പെരേര ഡിയാസ് തുടങ്ങിയവർ ആദ്യ മത്സരത്തിൽ തിളങ്ങിയപ്പോൾ ബിജോയ്, ആൽബീനോ ഗോമസ് എന്നിവർ നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ നിന്ന് ചില മാറ്റങ്ങൾ ഈ കളിയിൽ പ്രതീക്ഷിക്കാമെന്നാണ് കരുതപ്പെടുന്നത്.

