. ഇന്നലെ നടന്ന ക്രിക്കറ്റ് ലോകം കാത്തിരുന്ന പോരാട്ടത്തിൽ ഇന്ത്യയെ സമസ്ത മേഖലയിലും നിഷ്പ്രഭമാക്കിയാണ് പാകിസ്താൻ ചരിത്രം തിരുത്തി എഴുതിയത്.
മത്സര ശേഷം ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്ന പറച്ചിൽ അനര്ഥമാക്കി ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ഏവരുടെയും ഇഷ്ടം ഒരിക്കൽ കൂടി നേടി. പാകിസ്താനി ഓപണർമാരെ പുഞ്ചിരിച്ച് അഭിനന്ദിക്കുന്ന കോഹ്ലിയുടെ ചിത്രമായിരുന്നു ഇന്ത്യ-പാക് മത്സരത്തിന്‍റെ ഏറ്റവും മനോഹരമായ ബാക്കിപത്രം. ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്ത റിസ്വാനെ കോഹ്ലി ആലിംഗനം ചെയ്യുകയും തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു.
തോൽവിയുടെ നിരാശക്കിടെയിലും ക്രിക്കറ്റിന്‍റെ ആ സൗന്ദര്യമുള്ള കാഴ്ച ഓരോ ഇന്ത്യൻ ആരാധകനിലും പുഞ്ചിരി വിടർത്തി. ഞായറാഴ്ച രാത്രി ക്രിക്കറ്റ് ആരാധകരുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും വൈറൽ ചിത്രം സ്ഥാനം നേടി. ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്ന അടിക്കുറിപ്പോടെ ചിത്രം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അവരുടെ സാമൂഹിക മാധ്യമ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ ഇന്ത്യയുടെ മെന്‍ററും മുൻനായകനുമായ എം.എസ്. ധോണിയുമായി പാക് കളിക്കാർ മത്സര ശേഷം സംവദിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഇന്ത്യ ഉയർത്തിയ152 റൺസ് വിജയലക്ഷ്യം ഓപണർമാരായ മുഹമ്മദ് റിസ്വാനും (79) ക്യാപ്റ്റൻ ബാബർ അസമും (69) ചേർന്ന് അനായാസം വെട്ടിപ്പിടിച്ചതോടെ പാകിസ്താൻ 10 വിക്കറ്റിന്‍റെ ഉജ്വല വിജയം സ്വന്തമാക്കി. ലോകകപ്പിൽ ഇതാദ്യമായാണ് പാകിസ്താൻ ഇന്ത്യയെ തോൽപിക്കുന്നത്.
ആറു റൺസിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യ ഏഴുവിക്കറ്റിന് 151 റൺസെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ചങ്കുതുളക്കുന്ന സമ്മർദ്ദത്തിലും ഒരറ്റത്ത് വിക്കറ്റ് കാത്ത നായകൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ഇന്നിങ്സിന് നിറം പകർന്നത്. 30 പന്തിൽ 39 റൺസുമായി റിഷഭ് പന്തും കനപ്പെട്ട സംഭാവന നൽകി. നാലോവറിൽ 31റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ അഫ്രീദിയാണ് പാക് നിരയിൽ മികച്ചുനിന്നത്.