മലപ്പുറം: ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി 2024ലെ ഏറ്റവും വലിയ തമാശയെന്ന് പി.വി അന്‍വര്‍ എംഎല്‍എ. എഡിജിപിയെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അയാള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന കാര്യവും എല്ലാവര്‍ക്കും അറിയാം.
രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ കാര്യം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തൃശൂര്‍ പൂരം കലക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മാത്രമാകില്ല അദ്ദേഹം കണ്ടിട്ടാവുക. ആര്‍എസ്എസ് നേതാക്കളുമായി ചിലപ്പോള്‍ 10,000 പ്രാവശ്യം കണ്ടിട്ടുണ്ടാകും. അവരുമായിട്ടാണ് അദ്ദേഹത്തിന്റെ സംസര്‍ഗം. അവരുടെ അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. അതൊരു പ്രപഞ്ച സത്യമാണ്.
തൃശൂര്‍ പൂരം കലക്കിച്ചതാണ്. എഡിജിപിയാണ് അത് കലക്കിയത്. അയാള്‍ നൊട്ടോറിയസ് ക്രിമിനലാണ്. നേരത്തേ എഡിജിപിയെ മാറ്റിനിര്‍ത്തണമെന്നാണ് താന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അജിത് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയാണ്. അയാള്‍ പൊലീസ് വകുപ്പിന് പറ്റുന്ന ആളല്ലെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി.