ഉദയ്പൂർ: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് താരം പണീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച രാജസ്ഥാനിലെ ഉയദ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രമുഖർ അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസ അറീയിച്ച് രംഗത്തെത്തിയത്.
ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പരസ്‌പരം ഒന്നിക്കാതെ ജീവിക്കാൻ കഴിയുമായിരുന്നില്ലെന്നും ഒടുവിൽ ഒന്നിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നും ദമ്പതികൾ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. വിവാഹത്തിനെത്തുന്നവരെ സ്വീകരിക്കാൻ ഉദയ്പൂർ എയർപോർട്ട് അടക്കം അലങ്കരിച്ചിരുന്നു. വിവാഹ വേദിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഈ വർഷം മാർച്ചിൽ മുംബൈയിലെ ഭക്ഷണശാലയിൽനിന്ന് ഒരുമിച്ച് പുറത്ത് പോകുന്ന ഫോട്ടോ പുറത്തുവന്ന ശേഷമാണ് ഇരുവരും വിവാഹിതരാകുന്നെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. മേയ് 13ന് ഡൽഹിയിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം.

