അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികൾ നേർന്ന് പിസി ജോർജ്. വ്യക്തിപരമായി എന്നും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഒരു ജ്യേഷ്ഠ സഹോദരനായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്നപ്പോഴെല്ലാം എന്നും പൂഞ്ഞാറിനോട് ഒരു കരുതൽ സൂക്ഷിച്ചിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഈരാറ്റുപേട്ടയെ മേജർ സെക്ഷനായി രൂപീകരിക്കാനും പൂഞ്ഞാർ സെക്ഷൻ രൂപീകരിക്കാനുമെല്ലാം ഏറ്റവുമധികം സഹായിച്ച വ്യക്തിത്വമായിരുന്നു ആര്യാടൻ മുഹമ്മദെന്ന് പിസി ജോർജ് അനുസ്മരിച്ചു.
നിയമസഭയ്ക്കുള്ളിൽ അടുത്ത സൗഹൃദമായിരുന്നു തനിക്ക് ആര്യാടനുമായി ഉണ്ടായിരുന്നത്.നിയമസഭയിലെ അറിയപ്പെടുന്ന പുകവലിക്കാരായിരുന്നു ഞങ്ങൾ. ഒരു ഘട്ടത്തിൽ അദ്ദേഹം തന്നെ പുകവലി നിർത്തണം അപകടമാണെന്ന് എന്നോട് പറഞ്ഞിരുന്നുവെന്നും പിസി ജോർജ് അനുസ്മരിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പിസി ജോർജ് ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചത്.
പിസി ജോർജിൻറെ ഫേസ്ബുക്ക് പോസ്റ്റ്:
കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് നമ്മെ വിട്ടുപിരിഞ്ഞു. വ്യക്തിപരമായി എന്നും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഒരു ജ്യേഷ്ഠ സഹോദരൻ .അദ്ദേഹം മന്ത്രിയായിരുന്നപ്പോഴെല്ലാം എന്നും പൂഞ്ഞാറിനോട് ഒരു കരുതൽ സൂക്ഷിച്ചിരുന്നു. അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഈരാറ്റുപേട്ടയെ മേജർ സെക്ഷനായി രൂപീകരിക്കാനും പൂഞ്ഞാർ സെക്ഷൻ രൂപീകരിക്കാനുമെല്ലാം ഏറ്റവും സഹായിച്ച വ്യക്തിത്വം. മലബാറിലെ കോൺഗ്രസിന്റെ മുഖമായിരുന്നു ആര്യാടൻ മുഹമ്മദ്. നിയമസഭയ്ക്കുള്ളിൽ അടുത്ത സൗഹൃദമായിരുന്നു എനിക്ക് ആര്യാടനുമായി ഉണ്ടായിരുന്നത്.
നിയമസഭയിലെ അറിയപ്പെടുന്ന പുകവലിക്കാരായിരുന്നു ഞാനും അദ്ദേഹവും. സഭാ സമ്മേളനത്തിന്റെ ഇടവേളകളിൽ സമയം കിട്ടുമ്പോഴൊക്കെ ഏറ്റവും കൂടുതൽ സിഗരറ്റ് വലിക്കുന്ന ആളുകളായാണ് ഞങ്ങൾ അറിയപ്പെട്ടിരുന്നത്. അദ്ദേഹം തന്നെ പുകവലി നിർത്തണം അപകടമാണെന്ന് എന്നോട് പലപ്രാവശ്യം പറഞ്ഞിരുന്നു. അദ്ദേഹവും ഞാനും പുകവലി നിർത്തിയത് ആളുകൾക്കിടയിൽ ഒരത്ഭുതം ആയിരുന്നു. ജേഷ്ഠ സഹോദരനെ നഷ്ടപ്പെട്ട വേദന പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.

