വിദ്യാർഥികളെ കാണുമ്പോൾ തന്നെ സ്പീഡ് കൂട്ടി നിർത്താതെ പോകുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവാണ്. രാവിലെയും വൈകിട്ടും വിദ്യാലയങ്ങൾക്ക് മുൻപിൽ ബസ് കയറാൻ കാത്തുനിൽക്കുന്ന വിദ്യാർഥികളെ കയറ്റാതെ പോകുന്നതിനെ ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതും കേരളത്തിലെ പതിവ് കാഴ്ചയാണ്. കുട്ടികളെ കണ്ടാൽ സ്‌റ്റോപ്പിൽ നിന്ന് മാറ്റി നിർത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാർഥികളെ കയറ്റുക തുടങ്ങി പല രീതികളും ബസ് ജീവനക്കാർ പ്രയോഗിക്കാറുണ്ട്.
ഇക്കാര്യം ചോദ്യം ചെയ്യുമ്പോൾ വിദ്യാർഥികൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ പോലും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വിദ്യാർഥികളെ കയറ്റാതെ പോയ പ്രൈവറ്റ് ബസ് തടയാനായി പ്രിൻസിപ്പൽ തന്നെ റോഡിലിറങ്ങിയാലോ. അങ്ങനെയൊരു സംഭവമാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ബസ് സ്‌കൂളിന് മുന്നിലെ സ്‌റ്റോപ്പിൽ നിർത്തുന്നില്ലെന്ന വിദ്യാർഥികളുടെ നിരന്തര പരാതിയെ തുടർന്ന് പ്രിൻസിപ്പൽ തന്നെ റോഡിലിറങ്ങി ബസ് തടഞ്ഞുനിർത്തുകയായിരുന്നു.മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി.ടി.എ.എച്ച്. എസ്.എസ്. പ്രിൻസിപ്പലായ ഡോ. സക്കീർ എന്ന സൈനുദ്ദീനാണ് വിദ്യാർഥികൾക്കായി റോഡിലിറങ്ങി സ്വകാര്യ ബസ് തടഞ്ഞിട്ടത്. പ്രിൻസിപ്പലുമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് കൂടിയാണ് ഇദ്ദേഹം.
ദൂരെ നിന്നും ബസ് വരുന്നത് കണ്ടപ്പോൾ തന്നെ റോഡിന് നടുവിലേക്ക് നെഞ്ചുംവിരിച്ച് കയറി നിന്ന് കൈകാണിച്ച് ബസ് തടഞ്ഞുനിർത്തി. തുടർന്ന് താൻ സ്കൂളിൻറെ പ്രിൻസിപ്പിലാണെന്നും വിദ്യാർഥികളെ കയറ്റാതെ പോകുന്നത് അനുവദിക്കാനാകില്ലെന്നും കാട്ടി ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. തുടർന്ന് സ്റ്റോപ്പിൽ നിർത്തിയ ബസ് വിദ്യാർഥികളെ കയറ്റിയ ശേഷമാണ് സർവീസ് തുടർന്നത്. സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറാലാണ്.
വിദ്യാർഥികളെ കയറ്റാൻ ബസ് ജീവനക്കാർ മടികാണിക്കുന്നുവെന്നും അമിതവേഗത്തിൽ ഓടിച്ച് പോകുന്നുവെന്നും കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകൻ പറയുന്നത്.

