തിരുവനന്തപുരം: 2025ലെ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് തന്നെ നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫിസ് ആണ് തീരുമാനം അറിയിച്ചത്. നവംബര്‍ 7 മുതല്‍ 10 വരെയാണ് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്.
മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, പാലക്കാട് ജില്ലയിലെ എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കലക്ടര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് വേദി മാറ്റേണ്ടെന്ന് തീരുമാനിച്ചത്. കൂടുതല്‍ സൗകര്യം മുന്‍നിര്‍ത്തിയാണ് പാലക്കാട് ടൗണില്‍ തന്നെ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ഒഴിവാക്കാനായി സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് നിന്ന് ഷൊര്‍ണൂരിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശാസ്‌ത്രോത്സവത്തിന്റെ സംഘാടകസമിതി കണ്‍വീനറായി സ്ഥലം എം.എല്‍.എയെ നിയമിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഷൊര്‍ണൂരിലേക്ക് മാറ്റുന്നതെന്നായിരുന്നു മാധ്യമ വാര്‍ത്ത. ഈ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ സംഘാടകസമിതി യോഗം ചേര്‍ന്നത്.

