തിരുവനന്തപുരം: പുതുപ്പള്ളിയിലെ മത്സരം വികസനവും വികസന വിരുദ്ധതയും തമ്മിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തുകൊണ്ട് മറ്റു മണ്ഡലത്തിലെ വികസനത്തിനൊപ്പം പുതുപ്പള്ളി എത്തുന്നില്ലായെന്നത് ചര്‍ച്ചയാണ്. വൈകാരികമായല്ല എല്‍ഡിഎഫ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
യുഡിഎഫ് പറഞ്ഞതുപോലെ മത്സരമില്ലാത്ത സ്ഥിതി പുതുപ്പള്ളിയില്‍ ഉണ്ടാവില്ല. സഹതാപ തരംഗത്തില്‍ വിജയം നേടാമെന്ന കണക്കുകൂട്ടല്‍ നടക്കില്ലെന്ന് യുഡിഎഫിന് മനസ്സിലായി. തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്രചാരണങ്ങളുടെ ചാകരയാണ്. കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് വ്യാപക പ്രചാരണമാണ് നടക്കുന്നത്.’ എം വി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഈ മാസം 30, സെപ്തംബര്‍ 1 തിയ്യതികളിലും പുതുപ്പള്ളിയില്‍ എത്തും. ആകെയുള്ള 182 ബൂത്തുകളില്‍ മന്ത്രിമാരേയും എംഎല്‍എമാരേയും പങ്കെടുപ്പിച്ച് ഓരോ ബൂത്തിലും 10 വീതം കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.
മുന്‍ മന്ത്രി എസി മൊയ്തീന്റെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് സിപിഐഎം വ്യക്തമാക്കി. എ സി മൊയ്തീന്റെ കൈയ്യില്‍ നിന്ന് എന്താണ് പിടിച്ചത് എന്ന് പറയുന്നില്ല. എന്ത് അന്തസില്ലാത്ത മാധ്യമ പ്രവര്‍ത്തനമാണിത്. എന്തൊ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ഇ ഡിയെ ഉപയോഗിച്ച് വായടപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടതിന്റെ തനിയാവര്‍ത്തനമാണിതെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.