മുന്‍ നക്‌സലൈറ്റും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു.രാവിലെ മുദ്രാവാക്യം വിളിച്ചതിനു ശേഷമാണ് ഇദ്ദേഹം കോടതി വരാന്തയിൽ കയറിയത്.പശ്ചിമഘട്ട രക്ത സാക്ഷികൾ സിന്ദാബാദ്,തലസ്ഥാനം എറണാകുളത്തേക്ക് മാറ്റുക എന്നിങ്ങനെ ആയിരുന്നു മുദ്രാവാക്യം വിളികൾ.2016 ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗ്രോ വാസുവിന്റെ അറസ്റ്റ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് എല്‍പി വാറണ്ട് നിലവിലുണ്ടായിരുന്നു.
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗ്രോ വാസുവിന് കോടതി സ്വന്തം ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവും അഭിഭാഷകരും സുഹൃത്തുക്കളും ഗ്രോ വാസുവിനെ കോടതിക്ക് പുറത്തുവെച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിഴയടയ്ക്കാനോ സ്വന്തം ജാമ്യത്തില്‍ പോകാനോ ഗ്രോ വാസു വിസമ്മതിച്ചു. തുടര്‍ന്ന് കോഴിക്കോട് സബ് ജയിലിലേക്ക് അയക്കുകയായിരുന്നു.