എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും.കേസ് നിരന്തരം മാറ്റിവെക്കുന്നതായി ഇന്നലെ ജസ്റ്റിസ് യു യു ലളിതിന്റെ കോടതിയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ 13 ന് തന്നെ കേസ് കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കിയത്. അന്നത്തെ പട്ടികയില്‍ നിന്നും ഈ കേസ് മാറ്റരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. 2017ലാണ് ലാവലിൻ കേസ് സുപ്രിം കോടതിയിൽ എത്തുന്നത്. ഈ കാലഘട്ടത്തിനിടെ ഏകദേശം 30ലേറെ തവണ കേസ് മാറ്റിവച്ചിരുന്നു.