ഡല്‍ഹി: നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) അധ്യക്ഷനുമായ കമല്ഹാസന് വെള്ളിയാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ചു. തമിഴിലായിരുന്നു താരത്തിന്റെ സത്യപ്രതിജ്ഞ. പാര്‍ലമെന്റ് അംഗങ്ങള്‍ ഉച്ചത്തിലുള്ള കയ്യടിയോടെയാണ് ഇതിനെ സ്വീകരിച്ചത്.
രാജ്യസഭാ പ്രവേശനം കമലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്. പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമല്ഹാസന് പറഞ്ഞു. നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 6 ന് തമിഴ്നാട് സെക്രട്ടേറിയറ്റില്‍ കമല്ഹാസന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. ജൂണ്‍ 12 ന് കമല്‍ഹാസനും മറ്റ് അഞ്ച് പേരും തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സെക്രട്ടേറിയറ്റില്‍ റിട്ടേണിംഗ് ഓഫീസര്‍ സുബ്രഹ്മണി തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

