ഉപരോധങ്ങൾക്കിടയിലും വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിന് റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയിൽ നിന്ന് അനുമതി ലഭിച്ചതായി റിപ്പോർട്ട്. വെനസ്വേലയ്ക്കെതിരായി അമേരിക്ക ഏപ്രിലിൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയെങ്കിലും ചില സ്ഥാപനങ്ങൾക്ക് വെനസ്വേലയുമായി വ്യാപാരം നടത്തുന്നതിന് അനുമതിയുണ്ട്. കഴിഞ്ഞ വർഷം ഉപരോധം പിൻവലിച്ചതിന് ശേഷം, വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റിലയൻസിന്റെ വിഹിതം ഏകദേശം 90% ആയിരുന്നു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും പ്രതിപക്ഷവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുനൽകുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം സ്വർണ്ണ, എണ്ണപ്പാടങ്ങൾക്കെതിരായ ഉപരോധം യുഎസ് താൽക്കാലികമായി നീക്കിയിരുന്നു. കരാർ പാലിക്കുന്നതിൽ വെനസ്വേല പരാജയപ്പെട്ടതിനെത്തുടർന്ന് ഏപ്രിലിൽ അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തുകയായിരുന്നു.റിലയൻസിന് പുറമെ, പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ വിദേശ നിക്ഷേപ വിഭാഗമായ ഒഎൻജിസി വിദേശ് ലിമിറ്റഡും വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇളവ് തേടി അമേരിക്കയെ സമീപിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് , ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , എച്ച്‌പിസിഎൽ-മിത്തൽ എനർജി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എണ്ണക്കമ്പനികൾ ആണ് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നത്. ഉപരോധത്തിന് മുമ്പ് വെനസ്വേലയിൽ നിന്ന് ഇന്ത്യ പ്രതിമാസം 10 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ, വെനസ്വേലയിൽ നിന്ന് ഇന്ത്യ പ്രതിദിനം 100,000 ബാരൽ ക്രൂഡ് ഓയിൽ മാത്രമാണ് ഇറക്കുമതി ചെയ്തത്, ഇത് രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 2% മാത്രമാണ്. അതേസമയം, മാർച്ചിൽ ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 1.8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു, ഇറാഖും സൗദി അറേബ്യയുമാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ.