കൊച്ചി: തിരുവനന്തപുരം കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർ ഏറ്റെടുത്തതോടെ കേരളത്തിന് രണ്ടാമതൊരു വന്ദേ ഭാരത് കൂടി അനുവദിക്കാനുള്ള തയ്യാറെടുപ്പിൽ ഇന്ത്യൻ റെയിൽവേ. എന്നാൽ സാങ്കേതികകാരണങ്ങൾ പുതിയ ട്രെയിനിൻ്റെ റൂട്ടും സമയവും നിശ്ചയിക്കാൻ റെയിൽവേക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മംഗളൂരു – തിരുവനന്തപുരം റൂട്ടിൽ പുതിയ ട്രെയിൻ കൊണ്ടുവരാൻ റെയിൽവേക്ക് താത്പര്യമുണ്ടെങ്കിലും പാലക്കാട് ഡിവിഷനിൽ ട്രാക്കിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് വെല്ലുവിളി. ഇതിനിടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അതേസമയം, മംഗളൂരുവിനു പുറമെ മറ്റ് റൂട്ടുകൾക്കുള്ള സാധ്യത ഇതുവരെ റെയിൽവേ പരിഗണിച്ചിട്ടില്ലെന്നാണ് മനോരമ റിപ്പോർട്ട്. നിലവിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയും തിരിച്ചുമാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇരുദിശകളിലേക്കും ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡുമുണ്ട്. ഈ സാഹചര്യത്തിൽ കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – കോയമ്പത്തൂർ, ബെംഗളൂരു – എറണാകുളം റൂട്ടുകളിലും വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങണമെന്ന് യാത്രക്കാർക്കിടയിൽ നിന്ന് ആവശ്യമുണ്ട്. രാജ്യത്തുതന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സർവീസാണ് കേരളത്തിലേത്. ഈ സാഹചര്യത്തിൽ രണ്ടാമതൊരു വന്ദേ ഭാരത് ട്രെയിൻകൂടി സംസ്ഥാനത്തിന് അനുദിക്കുന്നതിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും എതിർപ്പില്ലെന്നാണ് റിപ്പോർട്ടുകൾ.
എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കമെന്ന് കേരള ട്രെയിൻ യൂസേഴ്സ് ഫോറം സെക്രട്ടറി പിജി വെങ്കടേഷ് അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കേരളത്തിലെ ഏറ്റവും തിരക്കുള്ള റൂട്ട് ഇതാണെന്നും പുതിയ ട്രെയിനിന് ഏറെ ആവശ്യക്കാരുണ്ടാകുമെന്നുമാണ് വാദം. ബെംഗളൂരുവിൽനിന്ന് അതിരാവിലെ ആരംഭിച്ച് ഉച്ചയോടെ എറണാകുളത്ത് എത്തുന്ന സർവീസ് വേണമെന്നാണ് ആവശ്യം. സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാർക്കും ഈ സർവീസ് പ്രയോജനപ്പെടും.
എന്നാൽ, ഈ റൂട്ടിൽ നിലവിലെ രീതിയിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങാൻ റെയിൽവേക്ക് താത്പര്യമില്ല. അടുത്ത വർഷം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കുമ്പോൾ കേരളത്തിൽനിന്ന് ബെംഗളൂരുിലേക്ക് സർവീസ് തുടങ്ങിയേക്കുമെന്നും പഴയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.