ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും.വിമാന മാർഗമാണ് മഅ്ദനി ബാംഗ്ലൂരിൽ നിന്ന് കേരളത്തിലെത്തുക. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ 12 ദിവസത്തേക്കാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. നേരത്തെ മഅ്ദനിക്ക് കേരളത്തിൽ വരാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ചെലവ് താങ്ങാനാകാത്തതിനാൽ യാത്ര ഉപേക്ഷിക്കുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹം കൊല്ലത്തെ വീട്ടിലേക്ക് പോകും. തുടര്‍ന്ന് 12 ദിവസം കേരളത്തില്‍ തുടരും. പിതാവിനെ കാണാന്‍ മാത്രമാണ് മഅ്ദനി നാട്ടിലെത്തുന്നത്. കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിയുടെ കേരള യാത്ര സാധ്യമായത്. സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന. മഅ്ദനിയെ 12 പൊലീസുകാര്‍ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ച തുകയിലും ഇളവുണ്ടാകും.
നേരത്തെ കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നെങ്കിൽ ചെലവ് താങ്ങാനാവാതെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. സുരക്ഷാച്ചെലവ് സ്വയം വഹിക്കണമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നത്. 20 പൊലിസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബിജെപി അധികാരത്തിലിരിക്കെ കര്‍ണാടക പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താല്‍ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്.