വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയും ബിജെപിയും ശിവസേനയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും അവര്‍ തന്നോടൊപ്പം ഉള്ളിടത്തോളം വിമര്‍ശനങ്ങളൊന്നും കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരാണു തന്റെ കരുത്തെന്നും ഉദ്ധവ് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ അവകാശപ്പെട്ടു.
‘സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിങ്ങളൊക്കെയാണ് ഇപ്പോള്‍ വിമതരായിട്ടുള്ളവര്‍ക്ക് സീറ്റ് നല്‍കിയത്. നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം അവര്‍ക്ക് അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഈ നിര്‍ണായക സമയത്ത് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതിന് എനിക്ക് നിങ്ങളോട് നന്ദി പറഞ്ഞാല്‍ മതിയാകില്ല’ ഉദ്ധവ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാമെന്ന് ഏക്നാഥ് ഷിന്‍ഡെയോടു പറഞ്ഞിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ എംഎല്‍എമാരുടെ സമ്മര്‍ദമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആ എംഎല്‍എമാരെ എന്റെ അടുത്തേക്കു കൊണ്ടുവരാനും ചര്‍ച്ച ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. പോകുന്നവര്‍ക്കു പോകാം, ഞാന്‍ പുതിയ ശിവസേനയെ ഉണ്ടാക്കും.’ താക്കറെ വ്യക്തമാക്കി.
വിമത നീക്കത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കെ ശിവസേനയുടെ നിര്‍ണായ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്ധവ് താക്കറെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയോഗം വിളിച്ചിട്ടുള്ളത്. കോവിഡ് ബാധിതനായതിനാല്‍ ഉദ്ധവ് താക്കറെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും പങ്കെടുക്കുക.

