കൊല്ലം ആര്യങ്കാവില്‍ നിന്ന് പതിനായിരം കിലോ ചീഞ്ഞ മത്സ്യം പിടികൂടി. 10,750 കിലോ പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. മൂന്ന് ലോറികളിലായാണ് മീന്‍ എത്തിച്ചത്. പിടിച്ചെടുത്ത മത്സ്യം പൂപ്പല്‍ പിടിച്ചതും ചീഞ്ഞ് അളിഞ്ഞതുമായിരുന്നു. ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം എത്തിക്കുന്നത്.
തമിഴ്‌നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്ന് പുനലൂര്‍, കരുനാഗപ്പള്ളി, അടൂര്‍ , ആലങ്കോട് എന്നിവിടങ്ങളിലേക്കാണ് മല്‍സ്യം കൊണ്ടുവന്നതെന്നാണ് വിവരം..
പുഴുവരിച്ചതും പൂപ്പല്‍ ബാധിച്ചതുമായ മീനാണ് പിടികൂടിയത്. മത്സ്യം പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാത്തതും, ദുര്‍ഗന്ധം വമിക്കുന്നതുമാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മീനിന്റെയും ഐസിന്റെയും സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ പഴകിയ മീന്‍ എത്തിക്കാന്‍ സാദ്ധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മീന്‍ പിടികൂടിയത്.