പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ. പരാമര്‍ശത്തില്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാവ് എ എ റഹീം വ്യക്തമാക്കി. വിവാദം ഇതോടെ അവസാനിച്ചു. വിവാദം ഉയരുമ്പോള്‍ പൊതുവിഷയത്തില്‍ നിന്ന് ശ്രദ്ധ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീധനത്തിന് എതിരായി ക്യാമ്പെയിനെ ശക്തിപ്പെടുത്താന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പൊതുവെ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചാ പരിസരം സൃഷ്ടിച്ചിട്ടുണ്ട്. അത് മുന്‍പോട്ട് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും റഹീം പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ജോസഫൈന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
ഒരു ചാനല്‍ പരിപാടിയില്‍ യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എം. സി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെ ജോസഫൈനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.

