മധ്യപ്രദേശില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം ഏഴുപേരില്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഇവര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മുന്‍പ് ആദ്യ ഡോസോ രണ്ടു ഡോസുകളോ സ്വീകരിച്ച മൂന്നു രോഗികള്‍ രോഗമുക്തി നേടുകയോ ഗുരുതര പ്രശ്‌നങ്ങളില്ലാതെയോ ഹോം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യുന്നുണ്ട്.
വാക്‌സിന്‍ സ്വീകരിക്കാത്ത രണ്ടുപേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദത്തെ പരാജയപ്പെടുത്താന്‍ സാധിച്ചു. ഇതില്‍ ഒരാള്‍ 22 വയസ്സുള്ള സ്ത്രീയും മറ്റേയാള്‍ രണ്ടുവയസ്സുള്ള കുഞ്ഞുമാണ്. രോഗം സ്ഥിരീകരിച്ച ഏഴുപേരില്‍ മൂന്നുപേര്‍ ഭോപ്പാലില്‍നിന്നും രണ്ടുപേര്‍ ഉജ്ജയിനില്‍നിന്നുമാണ്. റായിസെന്‍, അശോക് നഗര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്കും കഴിഞ്ഞമാസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത് ജൂണിലാണ്.