നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് (മെയ് 26) തുടക്കം
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനപഠനകേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് ( മെയ് 26) തുടക്കമാകും. കുട്ടികള്‍ക്ക് ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ പ്രാധാന്യവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അടിമാലിയില്‍ യുഎന്‍ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം.
7,8,9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്. പച്ചത്തുരുത്ത് സന്ദര്‍ശനം, മുന്നാറിലേക്കുള്ള യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശനം, പരിസ്ഥിതി വിദഗ്ധരുടെ ക്ലാസുകള്‍ തുടങ്ങിയവയും പഠനോത്സവത്തിന്റെ ഭാഗമാണ്.
വിമുക്ത ഭടന്മാര്‍,വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവര്‍ക്കായി സമ്പര്‍ക്ക പരിപാടി
ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായ, മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍, വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിര്‍ക്കായി മദ്രാസ് റെജിമെന്റ് റിക്കാര്‍ഡ്സില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്പര്‍ക്ക പരിപാടി നടത്തുന്നു. തൊടുപുഴയിലെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ വച്ച് ജൂണ്‍ 18 (ചൊവ്വാഴ്ച) രാവിലെ 10 മുതല്‍ 12 വരെയാകും പരിപാടി. പുതിയ ക്ഷേമ പദ്ധതികള്‍, പരാതി പരിഹാരം, പെന്‍ഷന്‍ തുടങ്ങിയവ സംബന്ധിച്ച് പ്രതിനിധികളുമായി നേരിട്ട് അന്വേഷണങ്ങള്‍ നടത്താവുന്നതാണ്
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
ഇടുക്കി ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തെ മെഡിക്കല്‍,എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു. serviceonline.gov.in/kerala വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തുടര്‍ന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപ്ലോഡ് ചെയ്തിട്ടുള്ള അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 15 -ന് വൈകീട്ട് 5 ന് മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862222904.
ഡെങ്കിപ്പനി:പുതിയ ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തി
ജില്ലയില്‍ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം അറക്കുളം ( വാര്‍ഡ് -7), പീരുമേട് (വാര്‍ഡ് -6), വണ്ടിപ്പെരിയാര്‍ (വാര്‍ഡ് -11), കുമിളി(വെള്ളാരംകുന്ന്), കരിമണ്ണൂര്‍ എന്നിവ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട് . ഹൈ റിസ്‌ക് പ്രദേശമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എല്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് എന്നിവര്‍ അറിയിച്ചു.
രോഗപ്രതിരോധത്തിന് കൊതുകു വളരുന്ന സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്നുറപ്പാക്കേണ്ടതുണ്ട്. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിംഗ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുക് പോളകള്‍, വീടിന്റെ സണ്‍ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗ ശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരു സ്പൂണില്‍ താഴെ വെള്ളം ഒരാഴ്ച തുടര്‍ച്ചയായി കെട്ടി നിന്നാല്‍ പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും. ഇത് ഒഴിവാക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.