കോഴിക്കോട്: |ഊര്‍ജ സംരക്ഷണ രംഗത്തെ നവീന മാതൃകകള്‍ പ്രാവര്‍ത്തികമാക്കി മര്‍കസ്. സമ്പൂര്‍ണ സോളാര്‍ ക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ടം മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ക്യാമ്പസിലെ മസ്ജിദുല്‍ ഹാമിലിയുടെ മുകള്‍വശത്ത് സജ്ജീകരിച്ച 50 കിലോവാട്ട് പവര്‍ ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റില്‍ നിന്ന് ഒരു ദിവസം പരമാവധി 200 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിക്കാന്‍ സാധിക്കുക. ഇതിലൂടെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ പ്രതിമാസം അരലക്ഷം രൂപ ലാഭിക്കാന്‍ സാധിക്കും. മര്‍കസ് യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അബൂദാബി, മുസഫ്ഫ, അല്‍ ഐന്‍, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ദൈദ്, ഫുജൈറ എന്നീ സെന്‍ട്രലുകളിലെ ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ്, മര്‍കസ് കമ്മിറ്റി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സഹകാരികളുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ് പദ്ധതി നടപ്പിലാക്കിയത്.
മര്‍കസ് നോളേജ് സിറ്റിയിലെ ഹൊഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നോവേഷന്‍സ് കമ്പിനിയാണ് പദ്ധതി സാക്ഷാത്കരിച്ചത്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ കേന്ദ്രമാവുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പദ്ധതിയുടെ അടുത്ത ഘട്ട നിര്‍മാണം ഉടനെ ആരംഭിക്കും. ഇതോടെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇനി മര്‍കസും ഇടംപിടിക്കും.
2006-ല്‍ സംസ്ഥാനത്തെ തന്നെ മികച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് സമര്‍പ്പിച്ച് മര്‍കസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ്, ബയോഗ്യാസ് പ്ലാന്റ്, റീ സൈക്ലിംഗ് യൂണിറ്റ്, ക്യാമ്പസ് ജൈവ കൃഷിത്തോട്ടം, മത്സ്യകൃഷി എന്നിവയും പരിസ്ഥിതി സംരക്ഷണ- മാലിന്യ നിര്‍മാര്‍ജന രംഗത്തെ പ്രധാന മര്‍കസ് പദ്ധതികളാണ്. സോളാര്‍ പ്രോജക്ട് ഉദ്ഘാടന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സി പി ഉബൈദുല്ല സഖാഫി, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, അക്ബര്‍ ബാദുഷ സഖാഫി, ഹനീഫ് സഖാഫി സംബന്ധിച്ചു.