നടിയെ ആക്രമിച്ച കേസില്‍ രാജിവെച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
ഇക്കാലയളവില്‍ രണ്ടു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. രണ്ടാമത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ഒരാളെ നിയമിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. അതിജീവിതയ്ക്ക് ഒപ്പമായിരുന്നു സര്‍ക്കാരെങ്കില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചയുടനെ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമായിരുന്നല്ലോയെന്നും സുധാകരന്‍ ചോദിച്ചു.
തിടുക്കത്തില്‍ തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്.കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താതെയാണ് തട്ടിക്കൂട്ടിയ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ മാസം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് പ്രത്യേക സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം ചോദിക്കാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. അപ്പോള്‍ എവിടെയെക്കയോ പോലീസിന് കൈവിറയലുണ്ടായി എന്നല്ലേ കരുതേണ്ടത്.
അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാത്ത സര്‍ക്കാര്‍ നടപടിക്കും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിനും എതിരെ കേരളീയ സമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശന ഉയര്‍ന്നപ്പോള്‍ മാത്രമാണ് കുറ്റപത്രം നല്‍കാന്‍ സമയം നീട്ടിചോദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. അത് വൈകിവന്ന വിവേകം മാത്രമാണ്.നടിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍എഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മന്ത്രി ആന്റണി രാജുവും പരസ്യമായി മാപ്പുപറയണമെന്ന് സുധാകരന്‍ പറഞ്ഞു.
വീണ്ടും കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഒരുഘട്ടത്തില്‍ ശരിയായ ദിശയിലായിരുന്ന കേസിന് ഗതിമാറ്റം ഉണ്ടായത് അന്വേഷണം ചിലരിലേക്ക് എത്തിയപ്പോഴാണ്. കേസുമായി ബന്ധപ്പെട്ട ഉന്നതരായ ചിലരെക്കൂടി ചോദ്യം ചെയ്യണമെന്ന് പോലീസ് തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരെ എന്തിനാണ് മുഖ്യമന്ത്രിയും പോലീസും ഭയക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടുത്ത് കാലത്ത് നടന്ന നിയമനത്തെ തുടര്‍ന്നാണ് കേസ് വഴിതെറ്റാന്‍ തുടങ്ങിയതെന്ന് ആക്ഷേപമുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.