കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സോയാബീന്‍, സണ്‍ഫ്ളവര്‍ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ സസ്യ എണ്ണയുടെ വില കുത്തനെ ഉയരുകയാണ്. വില കുറയ്ക്കുന്നതിന് സര്‍ക്കാരിന്റെ കൈയിലുള്ള പരിമിതമായ ഓപ്ഷനുകളിലൊന്നാണ് നികുതി നിയന്ത്രിക്കുന്നത്.
20 ലക്ഷം മെട്രിക് ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവ് 2024 മാര്‍ച്ച് 31വരെ തുടരും. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പാം ഓയില്‍, സോയാബീന്‍ എണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നികുതി നേരത്തെതന്നെ എടുത്ത് കളഞ്ഞിരുന്നു. എന്നാല്‍ ഇവയ്ക്ക് കാര്‍ഷിക അടിസ്ഥാന വികസ സെസ് എന്നപേരില്‍ പിരിച്ചിരുന്ന അഞ്ചു ശതമാനം നികുതി നിലനിന്നിരുന്നു. പുതിയ ഉത്തരവോടെ ഇതും എടുത്ത് കളഞ്ഞിരിക്കുകയാണ്.
റഷ്യ ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയില്‍ തടസ്സം നേരിട്ടിരുന്നു. ഇന്ത്യയിലെ ഉപയോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയായതിനാല്‍ ലഭ്യത കുറഞ്ഞത് വില ഉയരാന്‍ കാരണമായി. പാമോയില്‍ കയറ്റുമതി താല്‍ക്കാലികമായി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ നീക്കവും ഇന്ത്യന്‍ വിപണിയില്‍ എണ്ണ വില ഉയര്‍ത്താനുള്ള കാരണമായി.