അനിമല്‍ ഹസ്ബന്ററി ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെന്റ് ഫണ്ട് പദ്ധതി തുടങ്ങുന്നു
മൃഗസംരക്ഷണ മേഖലയില്‍ പാല്‍, ഇറച്ചി എന്നിവയുടെ സംസ്‌കരണം, കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ നിര്‍മ്മാണം എന്നീ സംരംഭങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനിമല്‍ ഹസ്ബന്ററി ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെന്റ് ഫണ്ട് എന്ന നൂതന പദ്ധതി തുടങ്ങുന്നു. ഫാര്‍മര്‍ പ്രാഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്വകാര്യ കമ്പനികള്‍, വ്യക്തിഗത സംരംഭകര്‍, സര്‍ക്കാരിതര കമ്പനികള്‍, ചെറുകിട സൂക്ഷ്മ സംരംഭകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് വായ്പ, വായ്പാ പലിശ സഹായം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിശദ വിവരങ്ങള്‍ക്ക് തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2768075.
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സമയപരിധി ദീര്‍ഘിപ്പിച്ചു
കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മെയ് 30 വരെ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീര്‍ഘിപ്പിച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2021 മെയ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ആഗസ്റ്റ് 31 വരെ പുതുക്കാം. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ടതായ എസ്.സി/എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കല്‍ കാലാവധി 2021 ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. എസ്.സി/എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുളള മറ്റ് ഉത്തരവുകള്‍ക്ക് മാറ്റമില്ല. ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ തുടങ്ങിയവ ഓണ്‍ലൈനായും നിര്‍വ്വഹിക്കാം. ഇത്തരത്തില്‍ രജിസ്ട്രേഷനോ സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കലോ നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ ദൂതന്‍ മുഖേനയോ 2021 ആഗസ്റ്റ് 31 വരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പരിശോധനയ്ക്കായി ഹാജരാകാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ അല്ലാതെയോ താല്‍ക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ആഗസ്റ്റ് 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനും സമയം ദീര്‍ഘിപ്പിച്ചു.
കൈതച്ചക്കയും കപ്പയും സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് ഹെല്‍പ്പ് ഡെസ്‌ക്
കോവിഡ് പശ്ചാത്തലത്തില്‍ കയറ്റുമതിയും വില്‍പ്പനയും പ്രതിസന്ധിയിലായ കൈതച്ചക്കയും കപ്പയും സംഭരിക്കാന്‍ ജില്ലാതലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. പല ഉത്പന്നങ്ങളും അയല്‍ സംസ്ഥാനങ്ങളിലേക്കും മറ്റും കയറ്റി അയക്കുന്നതിന് കര്‍ഷകര്‍ നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷിവകുപ്പിന്റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൈതച്ചക്ക ഹോര്‍ട്ടികോര്‍പ്പിന്റെ വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനി വഴിയാണ് സംഭരിക്കുക. ഇതിനോടകം 31 ടണ്‍ കൈതച്ചക്ക സംഭരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം കഴിഞ്ഞ സീസണില്‍ നല്ല രീതിയില്‍ കപ്പ കൃഷി ചെയ്തിരുന്നു. ഇതും ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും. കൃഷിവകുപ്പിന്റെ അടിസ്ഥാനവില പദ്ധതിപ്രകാരം അംഗങ്ങളായിട്ടുള്ളവര്‍ക്ക് അടിസ്ഥാന വില ലഭ്യമാവുകയും ചെയ്യും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് ജില്ലാതലത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ആരംഭിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍- 9497079534
‘ഓണത്തിന് ഒരു മുറം പച്ചക്കറി’- വിത്ത് പാക്കറ്റുകളും തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പി.പ്രസാദ്
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍കണ്ടുകൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന ആശയം പ്രായോഗികമാക്കുന്നതിന് കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിത ഗ്രൂപ്പുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും കൃഷിഭവന്‍ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂണ്‍ പകുതിയോടെ ലഭ്യമാക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്ത് പച്ചക്കറി കൃഷിയിലുണ്ടായ മുന്നേറ്റം തുടരുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വര്‍ഷവും വളരെ ജനകീയമായി നടപ്പിലാക്കപ്പെട്ട പദ്ധതിയായിരുന്നു ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്‍ ഗാര്‍ഹിക പച്ചക്കറി ഉത്പാദിപ്പിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചു. ഇത് വര്‍ധിപ്പിക്കുകയും എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന് കീഴിലുള്ള വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍, കേരള കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും തയ്യാറാക്കുന്നത്.
അധ്യയന വർഷാരംഭം – സ്കൂളുകൾക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി
അധ്യയന വർഷഷാരംഭത്തിന്റെ മുന്നോടിയായി സ്കൂളിൽ നടത്തേണ്ട ഒരുക്കങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക പരിശീലന പരിപാടി ‘സജ്ജം’ ജില്ലയിൽ ആരംഭിച്ചു. ഓൺലൈൻ പഠന സൗകര്യങ്ങളുടെ കണക്കെടുപ്പ് , കഴിഞ്ഞ വർഷത്തെ പഠന നിലവാരം രേഖപ്പെടുത്തൽ, പഠന വിടവുകൾ കണ്ടെത്തൽ, ക്ലാസ് കയറ്റത്തോടൊപ്പം നൽകേണ്ട ബ്രിഡ്ജിംഗ് ,ഓൺലൈൻ സംവിധാനത്തിലൂടെയുള്ള മൂല്യനിർണയ സംവിധാനം വികസിപ്പിക്കൽ തുടങ്ങിയവയിലൂന്നിയാണ് പരിശീലനം.
മുഴുവൻ സ്കൂളിലെയും പ്രധാനാധ്യാപകർ, എൽ.പി , യു.പി, ഹൈസ്കൂൾ വിഭാഗം എസ്.ആർ.ജി കൺവീനർമാർ എന്നിവർക്കാണ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി പരിശീലനം നൽകുന്നത്. തുടർന്ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് വിളിച്ച് ചേർത്ത് അധ്യാപകർക്ക് ഇവർ പരിശീലനം നൽകുകയും അക്കാദമിക് പ്ലാൻ വികസിപ്പിക്കുകയും ചെയ്യും.
കുട്ടികൾക്ക് നൽകിയിട്ടുള്ള പഠനമികവ് രേഖ, ആക്ടിവിറ്റി കാർഡുകൾ , വർക്ക് ഷീറ്റുകൾ മുതലായവ ഉപയോഗിച്ചാണ് പഠനനിലവാരവും പഠനവിടവും കണ്ടെത്തുക. ഒരു ബി.ആർ.സി യിൽ നിന്ന് അഞ്ച് പേർ എന്ന കണക്കിൽ 75 ചേർക്ക് ജില്ലാതല പരിശീലനം നൽകി. എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീമിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ വി.പ്രേമരാജൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ബി.മധു , ഡി പി. ഒ മാരായ സജീഷ് നാരായണൻ , വി. വസീഫ് എന്നിവർ സംസാരിച്ചു. മെയ് 27 ന് പരിശീലനം പൂർത്തിയാകുമെന്ന് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം അറിയിച്ചു