തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് കൊലക്കേസ് വ്യവസായി നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി.ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നിഷാം സുപ്രീംകോടതിയെ സമീപിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതിക്കാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ.എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശം നല്‍കിയത്. ആറ് മാസത്തിനുള്ളില്‍ അപ്പീലില്‍ തീര്‍പ്പായില്ലെങ്കില്‍ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യത്തിനായോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് നിഷാമിൻ്റെ ആവശ്യവും സുപ്രീംകോടതി തള്ളി. തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം അകത്തായത്. 2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു.
വാഹനമിടിച്ച് പരിക്കേൽപിച്ചതിന് പുറമെ ചന്ദ്രബോസിനെ മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും മുഹമ്മദ് നിസാം അടിച്ചു തകർത്തു. ആക്രമണം തടയാനത്തെിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും (31) മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനത്തെുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരണമടഞ്ഞു. പൊട്ടിയ വാരിയെല്ലുകൾ തറഞ്ഞുകയറി ആന്തരാവയങ്ങൾക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

