അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ നാല് പേർ പിടിയിൽ. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരിയിൽ ഞായറാഴ്ചയാണ് നാല് പേർ പിടിയിലായത്. ബിബിൻ നഗർ മണ്ഡലിന് സമീപത്തുള്ള ഗുഡുരു ടോൾ പ്ലാസയിൽ വച്ചാണ് 6925 കിലോ സ്ഫോടക വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തത്. ദേവേന്ദ്ര റെഡ്ഡി, ദത്തു റാവു. ലിംഗാല ലിംഗാല, നരസിംഹലു എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയകരാമായ സാഹചര്യത്തിൽ ടോൾ പ്ലാസയിലെത്തിയ ട്രെക്ക് പരിശോധിക്കുമ്പോഴാണ് വലിയ അളവിലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. നൾഗോണ്ട, ജാൻഗോൻ എന്നീ ജില്ലയിലെ ചിലർക്ക് സംഭവവുമായി ബന്ധമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിരുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ ബെംഗളൂരു നഗരത്തിൽ സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ട്രാക്ടറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് ബെംഗളൂരു പൊലീസ് പിടിച്ചെടുത്തത്.