രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും ജനാധിപത്യത്തിന്റെ ശബ്ദത്തിനായി താൻ പോരാടുമെന്നും രാഹുൽ വ്യക്തമാക്കി.
ഈ പ്രശ്‌നങ്ങൾക്കെല്ലാം തുടക്കമിട്ടത് താൻ മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ്. അദാനിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചതോടെ തന്നെ ഉന്നമിട്ടു. പക്ഷെ അയോഗ്യതക്കും ഭീഷണിക്കും തന്നെ നിശ്ശബ്ദനാകാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.അദാനിക്കായി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിമാനത്താവളങ്ങൾ നൽകി. ഇതെല്ലാം പുറത്ത് കൊണ്ടുവരികയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത്. അദാനിയുടെ ഷെൽ കമ്പനിയിൽ ഇരുപതിനായിരം കോടി നിക്ഷേപിച്ചാരാണെന്ന് വ്യക്തമാക്കണം. ഞാൻ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ലെന്നും സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ ആരോപിച്ചു.
അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാരിക്കുകയാണ് അയോഗ്യനാക്കപ്പെട്ടത്.പാർലമെന്റിലെ തന്റെ അടുത്ത പ്രസംഗത്തെ ഭയന്നാണ് പ്രധാനമന്ത്രി തന്നെ അയോഗ്യനാക്കിയത്. രാജ്യത്തെ നിയമ സംവിധാനങ്ങളെ ബഹുമാനിക്കുന്നെന്നും സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ലക്‌ഷ്യം. അയോഗ്യതയോ, ആരോപണങ്ങളോ തന്നെ ഏശില്ല. ജയിലിലടച്ചാലും താൻ ഭയക്കില്ല. വയനാട്ടിലെ ജനങ്ങൾ തൻ്റെ കുടുംബമാണ്. അവർക്ക് വിശദാംശങ്ങൾ അറിയിച്ച് കത്തെഴുതുമെന്നും രാഹുൽ പറഞ്ഞു.