അന്തിമ തീരുമാനം എടുക്കാത്ത റോഡ് വികസനത്തിന്റെ പേരിൽ സ്വന്തം സ്ഥലത്തെ കെട്ടിട നിർമാണത്തിനുള്ള അനുമതി വൈകി കിയത് പതിനാലുമാസം. കാരന്തൂർ പാറപ്പുറത്ത് അബ്ദുറഹിമാന്റെ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ ഹൈക്കോടതിയിൽനിന്ന് വിധി വരുന്നതുവരെ കുന്ദമംഗലം പഞ്ചായത്ത് അധികൃതർ ഒരു വർഷത്തിലധികം വൈകിപ്പിച്ചു . കിഫ്ബി പദ്ധതിയിൽ 83 കോടിയിൽപരം രൂപ ഉൾപ്പെടുത്തി വികസിപ്പിക്കാൻ ഉദ്ദേശിച്ച മെഡിക്കൽ കോളേജ് -കാരന്തൂർ റോഡിന്റെ പേരിലായിരുന്നു പഞ്ചായത്ത് അധികൃതരുടെ അനുമതി നിഷേധം. ഹൈക്കോടതിയിൽ പൊതുമരാമത്തു ചീഫ് എഞ്ചിനീയർ ഈ റോഡ് വികസനത്തിനുള്ള പ്രൊപ്പോസൽ ഒന്നും നിലവിലില്ലെന്ന് അറിയിച്ചതിന് തുടർന്നാണ് അബ്ദുറഹിമാന് അനുകൂലവിധി ലഭിച്ചത്. 2021ജനുവരിയിൽ നൽകിയ അപേക്ഷ 2022 മാർച്ച് എഴിനാണ് പഞ്ചായത്തിൽ നിന്നും പാസാക്കി കിട്ടിയത്. റോഡ് വികസനത്തിന് വേണ്ടി 2021 മാർച്ചിൽ റോഡിനിരുവശവും അബ്ദുറഹ്മാൻ അടക്കമുള്ളവരുടെ സ്ഥലത്ത് പൊതുമരാമത്ത് അധികൃതർ അതിർത്തി കല്ല് സ്ഥാപിച്ചിരുന്നു.ഈ കല്ല്മാറ്റിക്കിട്ടാനുള്ള നിയമപോരാട്ടത്തിന് ഇനിമുതൽ ഒരുങ്ങുകയാണെന്നും അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.