കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്ത എംപിമാരെ ഡൽഹി പൊലീസ് ആക്രമിച്ചപ്പോൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടിറിയും ആഹ്ലാദിക്കുകയാണ് ചെയ്തതെന്ന് വിഡി സതീശൻ. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഭൂതകാലം മറന്നുപോയെന്നും അവർ ജന്മികളെ പോലേയും കോർപറേറ്റുകളെ പോലെയും പെരുമാറുകയാണെന്നും വിഡി സതീശൻ വിമർശിച്ചു. കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടു പോവുന്നത് വരെ സമരവുമായി രംഗത്തുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.
‘എംപിമാരെ ഒരു പ്രകോപനവും കൂടാതെ ഡല്‍ഹി പൊലീസ് ആക്രമിച്ചപ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയുമാണ് കണ്ടത്. നിലവാരം വിട്ട് എംപിമാര്‍ പെരുമാറി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭൂതകാലം മറന്നുപോയി. മുഖ്യമന്ത്രിയും മന്ത്രിമാരും കെ റെയിലിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. പണ്ട് ജന്മികള് കര്‍ഷക സമരത്തെ പരിഹസിച്ചത് പോലെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും സിപിഐഎം നേതാക്കന്മാരുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുന്നത്.’
‘വേണമെങ്കില്‍ പൊലീസ് സ്റ്റേഷന്റെ അകത്തും ബോംബ് നിര്‍മ്മിക്കുമെന്ന് പറഞ്ഞ നേതാവാണ് കോടിയേരി. അദ്ദേഹമാണ് പറയുന്നത് എംപിമാര്‍ക്ക് അടി കിട്ടേണ്ടിയിരിക്കുന്നുവെന്ന്. മുഖ്യമന്ത്രിയും കോടിയേരിയും കോര്‍പറേറ്റുകളെ പോലെ ജന്മികളെ പോലെ പെരുമാറുകയാണ്. ഇടതുപക്ഷത്ത് നിന്നും തീവ്ര വലതുപക്ഷത്തേക്കുളള വ്യതിയാനം ഇവരുടെ വാക്കുകളില്‍ വ്യക്തമാണെന്നും’ സതീശൻ കൂട്ടിച്ചേർത്തു.
‘ടയര്‍ കമ്പനികളുടേയും സെപെയര്‍ പാര്‍ട്സ് കമ്പനികളില്‍ നിന്നു കാശ് വാങ്ങിയാണ് സമരം ചെയ്യുന്നതെന്നാണ മന്ത്രി സജി ചെറിയാന് പറഞ്ഞത്. ഈ മന്ത്രി സഭയിലെ ഏറ്റവും വലിയ തമാശക്കാരനാണ് സജി ചെറിയാന്. സമരത്തോട് ഇടത് നേതാക്കള്‍ക്ക് എന്താണ് ഇത്ര അസഹിഷ്ണുത. കെ റെയിലിന് 64000 കോടി രൂപയാണ് ഉണ്ടാവുക എന്നത് കളളക്കണക്കാണ്. കേന്ദ്ര റെയില്‍വേ മന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെച്ചിട്ടുണ്ട്. സിപിഐഎമ്മിനേയും സംഘപരിവാറിനേയും ബന്ധിപ്പിക്കാനായുളള ഇടനിലക്കാര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും’ വിഡി സതീശൻ ആരോപിച്ചു.
‘സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറിയെന്ന് പ്രഖ്യാപിക്കുന്നത് വരെ ഞങ്ങള്‍ സമരം തുടരും. പദ്ധതിയെ എല്ലാ തരം ആളുകളും എതിര്‍ക്കുന്നുണ്ട്. അതില്‍ വര്‍ഗീയതയില്ല. കേരളം കണ്ട ഏറ്റവു വലിയ സമുന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്‍ വരെ കെ റെയിലിനെതിരെ രംഗത്തു വന്നിട്ടുണ്ടെന്നും’ വിഡി സതീശൻ പറഞ്ഞു.

