ചേർത്തല വയലാറിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വയലാർ തട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തുവെന്നു സംശയിക്കുന്ന 6 എസ്.ഡി.പി.ഐ പ്രവർത്തകരാണ് പിടിയിലായത് . കണ്ടാൽ അറിയാവുന്ന 16 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.
എസ്‍ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്. വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾക്കു വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിൽ ആരെയും പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ജാഥയ്ക്ക് നേരെ ആര്‍എസ്എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ നേതാക്കളുടെ പ്രതികരണം.
രണ്ടു ദിവസമായി പ്രദേശത്ത് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച രാവിലെ എസ്ഡിപിഐ നടത്തിയ പ്രചരണ ജാഥയില്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായിയിരുന്നു. ഇതിനു പിന്നാലെ വൈകീട്ട് ഇരുപക്ഷവും പ്രകടനം നടത്തി. ഇതിനു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. മരിച്ച നന്ദുവിന്റെ തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. പരിക്കേറ്റ കെഎസ് നന്ദുകൃഷ്ണ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വലതുകൈ അറ്റു പോയി. ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ 8.30 ഓടെ മരിച്ചു.