കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കുകയും, സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് നിർദേശിച്ചു. പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിൽ നാളെ (26 ജനുവരി) രാവിലെ ഒമ്പതിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും എൻ.സി.സിയുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകും. വായൂ സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.
സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ക്ഷണിക്കപ്പെട്ടവരുടെ എണ്ണം നൂറിൽ കൂടരുതെന്നു സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ രാവിലെ ഒമ്പതിനു ശേഷം നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. പരമാവധി അമ്പതു പേരെ മാത്രമേ ഈ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവൂ.
സബ് ഡിവിഷണൽ, ബ്ലോക്ക് തലത്തിൽ നടക്കുന്ന പരിപാടിയിലും ക്ഷണിതാക്കളുടെ എണ്ണം 50ൽ കൂടാൻ പാടില്ല. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലെ പരിപാടിക്ക് 25 പേരിൽ കൂടുതൽ അധികരിക്കാൻ പാടില്ലെന്നും സർക്കുലറിൽ നിർദേശിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുമ്പോഴും 25 പേരിൽ അധികരിക്കരുത്.
കോവിഡ് കണക്കിലെടുത്ത് ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്ന പൗര•ാർ എന്നിവർക്കു പ്രവേശനമുണ്ടാകില്ല. പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തെർമൽ സ്‌കാനിങ് സൗകര്യം ഏർപ്പെടുത്തണം. ആഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച ദേശീയ പതാകയുടെ നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതായും സർക്കുലറിൽ പറയുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് എസ്.സി.ഇ.ആർ.ടി അംഗീകാരം നൽകുന്നു
പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതിയുമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി). പ്രീ-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സർക്കാർ, സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധ്യാപക വിദ്യാഭ്യാസ (D.EI.Ed) സ്ഥാപനങ്ങൾക്കും അവർ നടപ്പിലാക്കിയതോ നടപ്പിലാക്കി വരുന്നതോ ആയ നൂതന അക്കാദമിക പദ്ധതികൾ ഇതിൽ ഉൾപ്പെടുത്താം. വിദ്യാഭ്യാസ ഗുണമേൻമ വർദ്ധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠന-പരിപോഷണ പദ്ധതികൾ, അക്കാദമിക വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആർ.ടി അന്വേഷിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഇവ വിശദമായ ഡോക്യുമെന്റെഷനിലൂടെ വ്യാപനത്തിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും.
പദ്ധതികളും വിശദാംശങ്ങളും ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ ഉൾപ്പടെ) നോമിനേഷനുകൾ സ്‌കൂൾ മേലധകാരിയുടെ സാക്ഷ്യപത്രത്തോടെ ജനുവരി 31നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തൽ സമർപ്പിക്കണം. നോമിനേഷനുകൾ scertresearch@gmail.com എന്ന ഇ-മെയിലിലേക്കും അയക്കാം.
കൈമനം വനിതാ പോളിടെക്‌നിക്കിൽ വിവിധ കോഴ്‌സുകൾ
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി ബ്യൂട്ടീഷ്യൻ എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471-2490670.
ദേശീയ ബാലികാദിനം ആചരിച്ചു
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വനിതാശിശുവികസന വകുപ്പുമായി സഹകരിച്ചു ദേശീയ ബാലികാദിനം ആചരിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. സബിനാബീഗം അധ്യക്ഷത വഹിച്ചു. ‘കുട്ടികളും നിയമവും’ എന്ന വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് -1, സുമി പി. എസ് ക്ലാസ്സെടുത്തു. ജില്ലാശിശു സംരക്ഷണ ഓഫീസർ ചിത്രലേഖ എസ്. സ്വാഗതവും പൂജപ്പുര ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഷീജ നന്ദിയും പറഞ്ഞു. തിരുവനന്തപുരം, പൂജപ്പുര എസ്.ഒ.എസ് ഭവനുകൾ തിരുവനന്തപുരം, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകളിലെ അന്തേവാസികൾ എന്നിവർ ഓൺലൈനിലൂടെ കലാപരിപാടികൾ അവതരിപ്പിച്ചു.
റേഷൻ കാർഡ് ആധാർ ലിങ്കിങ്: റേഷൻ കടകളിൽ പരിശോധന
എൻ.എഫ്.എസ്.എ. റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ നമ്പർ റേഷൻ കാർഡുകളുമായി ലിങ്ക് ചെയ്യുന്നതു സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടറുടെ നേതൃത്വത്തിൽ തിരുവനന്തപുരം താലൂക്കിലെ വിവിധ റേഷൻ കടകളിൽ പരിശോധന നടത്തി. ആധാർ ലിങ്കിങ്ങിൽ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
പരിശോധനയിൽ 230-ാം നമ്പർ റേഷൻ ഡിപ്പോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് എ.എ.വൈ. കാർഡുകുകളിൽ ആധാർ ലിങ്ക് ചെയ്തിട്ടില്ലെന്നു കണ്ടെത്തി. ഇതു സംബന്ധിച്ച് അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫിസർക്കു നിർദേശം നൽകി. ഒരു അംഗവും രണ്ട് അംഗങ്ങളും മാത്രുള്ള എൻ.എഫ്.എസ്.എ. റേഷൻ കാർഡുകളുടെ ആധാർ ലിങ്കിങ് ഫെബ്രുവരി 15നകം പൂർത്തിയാക്കുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ കോൺഫിഡൻഷ്യൽ അസിസിറ്റന്റ്, അറ്റന്റർ, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മിഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം നിയമന നടപടികൾ സ്വീകരിക്കും.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ഒരൊഴിവാണുള്ളത്. ശമ്പള സ്‌കെയിൽ: 27,900-63,700. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അറ്റന്റർ തസ്തികയിലും ഒരൊഴിവാണുള്ളത്. ശമ്പള സ്‌കെയിൽ: 26,500-60,700. അറ്റന്റർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ഓഫീസ് അറ്റൻഡന്റിന്റെ രണ്ട് ഒഴിവുണ്ട്. ശമ്പള സ്‌കെയിൽ: 23,000-50,200. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന 2022 ഫെബ്രുവരി അഞ്ചിന് മുൻപ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില) ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

