ഗുരുവായൂരിൽ വഴിപാടായി കിട്ടിയ മഹീന്ദ്ര ഥാർ ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം. ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് നടത്തിയത് എന്നാരോപിച്ചാണ് ഹർജി. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്.ലേലം വിളിച്ച മഹീന്ദ്ര ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് കാട്ടി അമൽ മുഹമ്മദ് ഇതിനിടെ രംഗത്തു വന്നിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാഹനം കൈമാറാന്‍ നല്‍കുന്നില്ലെന്നാണ് അമല്‍ മുഹമ്മദ് പറയുന്നത്
ഡിസംബർ 18ന് ഗുരുവായൂരിൽ നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോർഡ് പിന്നീട് യോഗം ചേർന്ന് അംഗീകാരം നൽകി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലുളള ഏതു വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹർജിയിലെ ആരോപണം.നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്.