ഒരു ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവാക്കിയ യുവാക്കള്‍ പിടിയില്‍. ഏതാനും ദിവസം മുൻപാണു സംഭവം.തൃശൂർ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരെ സൈബര്‍ ക്രൈം പൊലീസാണ് പിടികൂടിയത്. അബദ്ധത്തിലെത്തിയ പണമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് ലോണുകൾ വീട്ടിയും ഓൺലൈൻ ട്രേഡിങ് നടത്തിയും യുവാക്കൾ പണം ചെലവാക്കിത്തീർത്തു.ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഘട്ടംഘട്ടമായെത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.ബാങ്ക് പരാതിപ്പെട്ടതോടെയാണ് ഇവരിലേക്ക് അന്വേഷണം എത്തിയത്. വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് നടത്തുന്നവരാണു യുവാക്കൾ. ഇതിലൊരാൾ മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരനുമാണ്. സ്വകാര്യ ബാങ്കിന്റെ സെർവർ മെർജിങ് നടപടികൾ നടക്കുന്ന സമയത്ത് യുവാക്കളിലൊരാളുടെ അക്കൗണ്ടിലേക്ക് 2.44 കോടി രൂപ അബദ്ധത്തിൽ എത്തുകയായിരുന്നു. അത്യപൂർവമായി ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും മിക്കവാറുംപേർ ബാങ്കിനെ വിവരമറിയിച്ചു തെറ്റുതിരുത്തുകയാണു പതിവ്.