ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് രാഹുൽ ജോബി (23) ആണ് മരിച്ചത്. രാത്രി 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽനിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം.രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ച കാർ പിക്കപ്പ് വാനിൽ ഇടിച്ചു.കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റുമാനൂരിൽ കാറപകടം;മാണി സി. കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് മരിച്ചു

