രാജ്യത്ത് ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം കഴിഞ്ഞ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഭീതിജനിപ്പിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ നിരോധിക്കണമെന്നും നിയമസഭാതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കോടതി അഭ്യര്‍ത്ഥിച്ചു.
തിരഞ്ഞെടുപ്പ് റാലികൾ നിരോധിച്ചില്ലെങ്കിൽ രാജ്യത്തെ കോവിഡ് സ്ഥിതി രണ്ടാം തരംഗത്തേക്കാൾ രൂക്ഷമാകും. ജീവനുണ്ടെങ്കിലേ ലോകം ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു. കോടതിയിൽ നിരവധി കേസുകൾക്ക് വേണ്ടി ദിവസവും എത്തുന്ന ആൾക്കൂട്ടത്തിന്റേയും സാമൂഹിക അകലം പാലിക്കാത്തതിന്റേയും പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ശേഖറിന്റെ പരാമർശം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളും കൂടിച്ചേരലുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിക്കണമെന്നും പ്രചാരണത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും കോടതി പറഞ്ഞു.സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്നലെ ദില്ലിയില്‍ നടന്നിരുന്നു. കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

